എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലാണ് കൂത്താട്ടുകുളം നഗരസഭ. വിസ്തൃതി 23.18 ച.മീറ്റര്‍. വടക്ക് പാലക്കുഴ, തിരുമാറാടി ഗ്രാമ പഞ്ചായത്തുകള്‍, തെക്ക് ഇലഞ്ഞി,വെളിയന്നൂര്‍
പഞ്ചായത്തുകള്‍ കിഴക്ക് പാലക്കുഴ,പടിഞ്ഞാറ് തിരുമാറാടി,ഇലഞ്ഞി ഗ്രാമപഞ്ചായത്തുകള്‍ ആണ് കൂത്താട്ടുകുളം നഗരസഭയുടെ അതിരുകള്‍. 2015 മുതല്‍ കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറി. നിലവില്‍ 25 വാര്‍ഡുകള്‍ ഉണ്ട്
ചരിത്രം
ഒരിക്കല്‍ അത്തിമണ്ണില്ലം, കൊറ്റനാട്ട്,കട്ടിമുട്ടം,പരിയാരം എന്നീ ബ്രാഹ്മണ കുടുംബാങ്ങളുടെ അധീനതയിലായിരുന്നതും നിലവില്‍ ഏകദേശം 17700ഓളം ജനങ്ങള്‍ അധിവസിക്കുന്നതുമായ കൂത്താട്ടുകുളം കൂത്താട്ടുകുളം,വടകര,പൈറ്റക്കുളം,ഇടയാര്‍,കിഴകൊമ്പ് എന്നീ നാലു കരകള്‍
ചേര്‍ന്നതാണ്. ഈ കരകളുടെ പേരുകളുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങള്‍ നിലനില്ക്കുന്നു. കുന്നിന്മുകളില് കിഴങ്ങുമാന്താന്പോയ ഒരു സ്ത്രീ പാരകൊണ്ട് മണ്ണ് ഇളക്കിയപ്പോള്‍ മറഞ്ഞുകിടന്നിരുന്ന വിഗ്രഹത്തിന്റെ തലയില്‍ പാര കൊണ്ടുവെന്നും അവിടെ നിന്നുമുണ്ടായ രക്തപ്രവാഹം കൊണ്ട് ഭയന്നോടിയ സ്ത്രീ സമനില തെറ്റി കൂത്താടി നടന്ന സ്ഥലത്തിനെ കൂത്താട്ടക്കളം എന്ന പേരുണ്ടായതെന്നും കാലക്രമത്തില്‍ കൂത്താട്ടുകുളമായി മാറിയെന്നുമാണ് ഒരു ഐതിഹ്യം. ചോര ഒഴുകി പതിച്ച സ്ഥലത്തിന് ചോരക്കുഴി എന്നും പേരുണ്ടത്രെ.
മാര്‍ത്താണ്ട വര്‍മ്മ തിരുവിതാംകൂര്‍ രാജ്യം വിസ്തൃതമാക്കുന്നതിന് മുമ്പ് വടക്കുംകൂര്‍ രാജാക്കന് മാരുടെ അധീനതയിലായിരുന്നു കൂത്താട്ടുകുളം പ്രദേശം. ഓണക്കൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അവരുടെ ആയോധന കളരി നിലനിന്നിരുന്ന പ്രദേശം ക്രമേണ പയറ്റക്കളം,പയറ്റ്കളം, എന്നീപേരുകളില്‍ അറിയപ്പെടുകയും അവസാനമായി പയറ്റക്കുളമായി മാറുകയും ചെയ്തു. ആനപിടുത്തം തൊഴിലാക്കിയിരുന്ന കീഴകൊമ്പില് കുടുംബക്കാരില്‍ ചിലര്‍ ഇലഞ്ഞിയില്‍ നിന്നും കുടിമാറ്റം നടത്തിയ സ്ഥലമാണ് പിന്നീട് കിഴകൊമ്പായി മാറിയതെന്ന് സ്ഥലപുരാണം
ആധുനിക രാഷ്ട്രീയ ചരിത്രങ്ങള്‍ക്കപ്പുറം ബുദ്ധ,ജൈന കാലഘട്ടത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങളും അവകാശ പ്പെടാനുള്ള ഒരു പ്രദേശമാണ് കൂത്താട്ടുകുളമെന്ന് പ്രശസ്ത ഗവേഷകനായ പി.വി.കെ വാലത്ത് കേരളത്തിലെ സ്ഥലചരിത്രങ്ങള് എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
- 933 views